ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ മലയാളി വിദ്യാർഥിനി സാവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കുടുംബം. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ലാപ്ടോപ്പ് കൊണ്ട് അടിച്ചുകൊന്നുവെന്ന പ്രചാരണം തെറ്റാണ്. മതംമാറാൻ വിസമ്മതിച്ചതിനെ തുടർന്ന് സാവരിയ ക്രൂരമായ പീഡനത്തിന് ഇരയായെന്നും ബന്ധു ജനീഷ് ആരോപിച്ചു.
സാവരിയായുടെ കാല് മുതൽ തല വരെ മർദനമേറ്റ പാടുകളുണ്ട്. ഒരു നിമിഷത്തെ പ്രകോപനത്തിൽ ലാപ്ടോപ് കൊണ്ട് അടിച്ചുകൊന്ന ലക്ഷണങ്ങളല്ല ശരീരത്തിലുള്ളതെന്നും അന്വേഷണ ഉദ്യോഗസ്ഥ വ്യക്തമാക്കിയതായി ജനീഷ് പറഞ്ഞു. ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിയായ സാവരിയയോട് പ്രതിയായ സദറുൽ അനം പലതവണ മതംമാറാൻ ആവശ്യപ്പെട്ടിരുന്നു.
ഒപ്പമുണ്ടായിരുന്ന സഹപാഠികൾ ഇതിന് സാക്ഷികളാണ്. മതം മാറാൻ സാവരിയ തയാറായില്ല. ഇതിന്റെ പ്രതികാരമായാണ് കൊലപാതകമെന്നാണ് കുടുംബത്തിന്റെ സംശയം. കഴിഞ്ഞ വെള്ളിയാഴ്ച ഹോസ്റ്റൽ മുറിയിൽ സംസാരിച്ചു നിൽക്കുമ്പോൾ സദറുൽ അനം പെട്ടെന്നു പ്രകോപിതനായി ലാപ്ടോപ് കൊണ്ടു സാവരിയയുടെ തലയ്ക്കടിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.
രക്തത്തിൽ കുളിച്ചു വീണ സാവരിയയെ ഇയാൾ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശരീരത്തിലെ മുറിവുകളും വൻ ക്രൂരതയാണ് വിരൽ ചൂണ്ടുന്നതെന്നും അവസാനനിമിഷം മുറിക്കുള്ളിൽ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.